കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ലൈന്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ നാളെയും മറ്റന്നാളുമുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഞ്ച് സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ദുബായ്, അബുദാബി, മുംബൈ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ലോ ട്രൈബ്യൂണലില്‍ സ്വമേധയാ പാപ്പരത്ത പരിഹാര നടപടികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചതായി കമ്പനിയുടെ സിഇഒ കൗശിക് ഖോന അറിയിച്ചു.
കമ്പനിയെ നിലനിര്‍ത്താന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ എന്‍സിഎല്‍ടി തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്പനി ലേലത്തില്‍ വയ്ക്കുകയും പുതിയ ഉടമകളെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അടച്ച് പൂട്ടലിലേക്ക് നീങ്ങും. നേരത്തെ ജെറ്റ് എയര്‍ വൈസും കടക്കെണി മൂലം അടച്ച് പൂട്ടിയിരുന്നു. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിലെ 8.4 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.9 ശതമാനമായി കുറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ലൈന്‍ അതിന്റെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തി.