റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻ പള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ പി. എസ് ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്തു. റാന്നി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എംപി, റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ, എന്നിവർ പളളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെ ആദരിച്ചു. പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ വി.സാമ്പദേവൻ ദക്ഷിണ സമർപ്പിച്ചു. പള്ളിയോട നിർമ്മാണസമതി പ്രസിഡൻ്റും ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.ആർ സന്തോഷ്, മുൻ എം എൽ എ രാജു ഏബ്രഹാം, സി.പി. മോഹനചന്ദ്രൻ, രാഹുൽ ആർ പിളള എന്നിവര്‍ പ്രസംഗിച്ചു. ആദ്യകാലം മുതലെ കീക്കൊഴൂർ വയലത്തല കരയിൽ പള്ളിയോടമുള്ളതായി പറയുന്നുണ്ടങ്കിലും നീണ്ട കാലയളവിനു ശേഷം 2012 ൽ ആണ് കരയ്ക്ക് സ്വന്തമായി പള്ളിയോടം വാങ്ങുന്നത്.
കോറ്റാത്തൂർ കൈതക്കോടി കരയിലെ പഴയ പള്ളിയോടം വാങ്ങുകയായിരുന്നു. അന്നു വാങ്ങിയ പള്ളിയോടം പുതുക്കിപ്പണിതാണ് ആറൻമുളയിലേയും സമീപ സ്ഥലങ്ങളിലേയും ജലോത്സവങ്ങൾക്ക് പങ്കെടുത്തിരുന്നത്. വാങ്ങിയ പള്ളിയോടത്തിൻ്റെ അമരവും കൂമ്പും ഉയർത്തി പണിതത് അയിരൂർ സന്തോഷ് ആചാരിയാണ്. അദ്ദേഹം തന്നെയാണ് ഇപ്പോൾ നീറ്റിലിറക്കിയ പുതിയ പള്ളിയോടത്തിന്‍റെയും ശില്പി. നാൽപത്തിയൊന്നേ കാൽ അടി നീളവും 60 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുള്ളതാണ് പുതിയ പള്ളിയോടം. ചെറുവള്ളിക്കാവിൽ ഭഗവതിയുടെ അനുഗ്രഹത്തോടെയാണ് പള്ളിയോടം നീരണികയും പാർഥസാരഥി ക്ഷേത്രത്തിലെത്തുന്നതും. 674-ാം നമ്പർ എൻ എസ്‌എസ് കരയോഗമാണ് ഉടമസ്‌ഥരെങ്കിലും കരയിലെ എല്ലാവരുടെയും കൂട്ടായ്മയും പിന്തുണയും പള്ളിയോടത്തിനുണ്ട്. ക്യാപ്റ്റൻ : സി.കെ.പ്രകാശ്, പള്ളിയോട പ്രതിനിധികൾ: ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ജി.അനിൽ കുമാര്‍ എന്നിവരുമാണ്.