പുനലൂര്‍: റബര്‍ എസ്റ്റേറ്റുകളിലും കാട്ടിലും മേയാന്‍ വിടുന്ന ആടുകളെ പതിവായി മോഷ്ടിച്ച് വില്പന നടത്തിവരുന്ന നാലംഗ സംഘത്തെ തെന്മല പോലീസ് അറസ്റ്റുചെയ്തു. സി.ഐ കെ.ശ്യാം, എസ്.ഐമാരായ സുബിന് തങ്കച്ചന്, പ്രതാപന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. പുന്നല സ്വദേശി സുനില്‍കുമാര്‍, കടയ്ക്കല്‍ സ്വദേശി ശ്യാം, കോട്ടുക്കല്‍ സ്വദേശി അജാസ്, ഇട്ടിവ സ്വദേശി അനസ് എന്നിവരാണ് പിടിയിലായത്.
ചാലിയക്കരയിലും പരിസരങ്ങളിലുമാണ് ഇവര്‍ ആട് മോഷണം പതിവാക്കിയത്. പകല്‍ തീറ്റക്കായി അഴിച്ചുവിടുന്ന ആടുകളെ ഓട്ടോറിക്ഷയിലും മറ്റും എത്തി ഈ സംഘം പിടിച്ചുകൊണ്ടു പോയി കുറഞ്ഞവിലക്ക് വില്‍ക്കുകയാണ് പതിവ്. ഇതിനകം നിരവധി ആടുകള്‍ മേഖലയില്‍നിന്ന് മോഷണം പോയിട്ടുണ്ട്. ഇതില്‍ നാലെണ്ണം ഇവരാണ് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.