കഞ്ഞിക്കുഴി : പഴയരിക്കണ്ടത്തെ വീട്ടിൽ നിന്നു മുന്തിയ ഇനം ആടുകളെ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. മൂവാറ്റുപുഴ കാലാംപൂര് കണ്ടത്തിൻകരയിൽ മുഹമ്മദ് (50), ബന്ധുക്കളായ വലിയപറമ്പിൽ അനസ് (36), മുളവൂർ വാഴപ്പിള്ളി നിരപ്പ് വട്ടാളയിൽ ഷൈജൻ (34) എന്നിവരാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വരകുളം കറിക്കല്ലിൽ ശിവന്റെ പുരയിടത്തിൽ നിന്നിരുന്ന ജമ്നാപ്യാരി ഇനത്തിൽ പെട്ട 2 ആടുകളെയാണ് മൂവർ സംഘം കഴിഞ്ഞ ദിവസം രാവിലെ മോഷ്ടിച്ചത്. ഈ സമയം ശിവനും കുടുംബവും തൊഴിലുറപ്പ് ജോലിയിൽ ഏർപെട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്കു വീട്ടിൽ എത്തിയപ്പോൾ ആടുകളെ കാണാതായതോടെ ഇവർ കഞ്ഞിക്കുഴി പോലീസിൽ വിവരം അറിയിച്ചു.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ മുള്ളരിങ്ങാട് ഭാഗത്തു വാനിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന ആടുകളെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പോലീസ് മൽപിടുത്തത്തിലൂടെയാണ് പിടികൂടിയത്. ഇവർ മോഷണത്തിന് ഉപയോഗിച്ച വാനും ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാർക്കറ്റിൽ 50,000 രൂപ വിലവരുന്ന ആടുകളെ മോഷ്ടിച്ച പ്രതികൾ ആടു കച്ചവടക്കാരാണെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് വീടുകളിൽ ബൈക്കിൽ എത്തി ആടുകളെ വില പറഞ്ഞു വാങ്ങും. വില ചേരാതെ കച്ചവടം ഒഴിവാകുന്ന വീടുകളിൽ ആളില്ലാത്ത സമയം നോക്കി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. പഴയരിക്കണ്ടത്തു നിന്ന് 2 ആടുകളെ ഇവർ വിലയ്ക്കു വാങ്ങിയിരുന്നു. കഞ്ഞിക്കുഴി എസ്എച്ച്ഒ മാത്യു ജോർജ്, എസ്ഐ കെ.ജി.തങ്കച്ചൻ, സിപിഒമാരായ എ.ടി.ജയൻ, എം.ജോബി, പി.കെ.രമണൻ, ജനിൽ ബിനു സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.