ആലപ്പുഴ : കടപ്പുറത്ത് വെച്ച് കമിതാക്കളെ ഭീഷണിപ്പെടുത്തി സ്വര്‍ണമാല തട്ടിയ സംഭവത്തിലെ പ്രധാനപ്രതി ഒളിവില്‍. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പന്‍പൊഴി ഭാഗത്തായിരുന്നു സംഭവം. കമിതാക്കളുടെ ചിത്രവും വീഡിയോയും എടുത്തശേഷമാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഇതില്‍ വഴങ്ങാതായതോടെ യുവാവിനെ മര്‍ദിച്ച് മാലയും ഫോണും കൈക്കലാക്കി. എന്നാല്‍, പ്രതിയെ യുവാവ് പിന്തുടര്‍ന്നതോടെ ഫോണ്‍ മടക്കിനല്‍കി.
യുവതിയെ തുടര്‍ന്ന് വീട്ടിലാക്കിയ ശേഷമെത്തി യുവാവ് ടൂറിസം പോലീസില്‍ പരാതി നല്‍കി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ ഒരു യുവാവ് കാറ്റാടിഭാഗത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കഞ്ചാവ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കമിതാക്കളുടെ മാലകവര്‍ന്ന സംഭവവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാല തട്ടിയെടുത്ത പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് സമാനമായി അധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടിയസംഭവത്തിലെയും പ്രതിയാണിയാള്‍. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.