വയനാട് : 142 വർഷങ്ങൾക്കു ശേഷം സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്തി. വയനാട് ചെമ്പ്രമലയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലുള്ള ഇടതൂർന്ന നിത്യഹരിത വനത്തിൽ തടികൾക്കടിയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് ഗവേഷകർ കണ്ടത്തിയത്. പിന്നാലെ സ്വർണ കവചവാലൻ എന്ന് നാമകരണം ചെയ്യുകയായിരുന്നു.
ഗോൾഡൻ ഷീൽഡ് ടെയ്ൽ ഇനത്തിലുള്ള 2 പാമ്പുകളെയാണ് ഗവേഷകർ അന്ന് കണ്ടെത്തിയത്. തിളങ്ങുന്ന സ്വർണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണിൽ ദ്വാരമുണ്ടാക്കി അതിൽ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ യൂറോപെൽറ്റിഡേയിൽ പെട്ടവയാണ് ഇവ.
1880ൽ പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത് ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണൽ റിച്ചഡ് ഹെൻറി ബെഡ്ഡോമാണ് .ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആർദ്ര വനങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്‍റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സുവർണ കവചവാലൻ പാമ്പിനെ കണ്ടെത്തിയത്.