കുറവിലങ്ങാട് : സ്വർണപ്പണയം എടുക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ഒന്നരലക്ഷം രൂപ പിടിച്ചുപറിച്ച് ഓടിയവരിൽ രണ്ടുപേർ പിടിയിലായി. ഒരാൾ പണവുമായി കടന്നുകളഞ്ഞു. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. എം.സി റോഡിലൂടെ ഓടിയവരിൽ ഒരാളെ നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്ന് പോലീസിൽ ഏൽപിക്കുകയായിരുന്നു. മാഞ്ഞൂർ ഞാറപ്പറമ്പിൽ കുഴിയഞ്ചാലിൽ ഭാഗത്ത് ജോബിൻ സാബുവിനെയാണ് (23) നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിച്ചത്.
കോതനല്ലൂർ പഴന്താറ്റിൽ ഭാഗത്ത് ഇടച്ചാലിൽ വീട്ടിൽ സജി പൈലിയെ (35) സംഭവം കഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം ഇയാളുടെ വീട്ടിൽനിന്നുതന്നെ കടുത്തുരുത്തി പോലീസ് പിടികൂടി, കുറവിലങ്ങാട് പോലീസിന് കൈമാറി. മോനിപ്പള്ളി സ്വദേശി ജെയ്സണാണ് പണവുമായി കടന്നത്. എറണാകുളം ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ തൃശ്ശൂർ ഇഞ്ചക്കുണ്ട് കൂട്ടുങ്കൽ വീട്ടിൽ കെ.എ വികാസിന്റെ കൈവശമിരുന്ന ഒന്നരലക്ഷം രൂപയാണ് തട്ടിയെടുത്തത്.
വ്യാഴാഴ്ച രാവിലെ 11.15-ഓടെ കുറവിലങ്ങാട്-വൈക്കം റോഡിൽ മൂലങ്കുഴ പാലത്തിന് സമീപം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. ഗോൾഡ് പോയിന്റ് എന്ന സ്ഥാപനം സ്വർണപ്പണയമെടുത്ത് വിൽക്കാൻ സഹായിക്കുമെന്ന് പരസ്യം നൽകിയിരുന്നു. പരസ്യത്തിലെ നമ്പറിൽ വിളിച്ച് സ്വർണപ്പണയം എടുക്കാൻ സഹായിക്കണമെന്ന് മുഖ്യസൂത്രധാരൻ ജെയ്സൺ ആവശ്യപ്പെട്ടു. 68 ഗ്രാം സ്വർണം എടുക്കാൻ ഒന്നരലക്ഷത്തോളം രൂപ വേണമെന്നും ധരിപ്പിച്ചു. വികാസ് പണവുമായെത്തിയപ്പോൾ അർബൻ സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തട്ടിപ്പ് സംഘം, സ്വർണം പണയം വെച്ചിരിക്കുന്ന സ്ഥാപനത്തിലേക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി.
ഇതിനിടയിൽ ഇടനാഴിയിൽവെച്ച് ജെയ്സൺ പണംതട്ടിപ്പറിച്ച് ഓടി. ഒപ്പം മറ്റുരണ്ടുപേരും. ‘കള്ളൻ’ എന്നുപറഞ്ഞുകൊണ്ട് വികാസും പിന്തുടർന്നു. ജെയ്സൺ ഇടയ്ക്ക് വഴിപിരിഞ്ഞോടി. മുട്ടുങ്കലിൽനിന്ന് തിരിയുന്ന ഭാഗത്താണ് ടാക്സി ഡ്രൈവർമാർ ചേർന്ന് ജോബിനെ തടഞ്ഞുവെച്ചത്. സജി പൈലി സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഡി.വൈ.എസ്.പി. കെ.ജെ തോമസ്, സി.ഐ സജീവ് ചെറിയാൻ, എസ്.ഐ ജോർജുകുട്ടി തോമസ്, എ.എസ്.ഐ സാജുലാൽ, സീനിയർ സി.പി.ഒ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.