നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നെത്തിയ ഏഴു യാത്രക്കാരിൽ നിന്നായി രണ്ടരക്കോടി രൂപയുടെ സ്വർണം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ പ്രത്യേക സംഘം കൊച്ചി വിമാനത്താവളത്തിലെത്തി ഒരു സ്ത്രീയുൾപ്പെടെ ഏഴുപേരെ സ്വർണവുമായി പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 5.064 കിലോ സ്വർണമാണ് പിടിച്ചത്. സ്വർണം മിശ്രിതമാക്കി, കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
തമിഴ്നാട്, രത്നഗിരി, കർണാടക, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് പിടിയിലായവർ. ബഹ്റൈനിൽ നിന്നുമെത്തിയ അനസ് ജിഹാദ്, നൗഫൽ പി. പറമ്പത്ത്, ഷാർജയിൽ നിന്നെത്തിയ മുഹമ്മദ് ഇർഫാൻ അലി, മുഹമ്മദ് അഷർ അമർ, ദുബായിൽ നിന്നെത്തിയ സിബി സജി, മുസ്ബ മുഹമ്മദ് ഇഷാഖ്, അഞ്ജും സൂഫിയാൻ എന്നിവരാണ് പിടിയിലായത്. അഞ്ജും സൂഫിയാൻ രത്നഗിരി സ്വദേശിനിയാണ്.
അനസിന്റെ പക്കൽനിന്ന് 1.032 കിലോ സ്വർണവും നൗഫലിന്റെ പക്കൽനിന്ന് 778 ഗ്രാം സ്വർണവും മുഹമ്മദ് ഇർഫാന്റെ പക്കൽനിന്ന് 501 ഗ്രാം സ്വർണവും അമർ മുഹമ്മദിന്റെ പക്കൽനിന്ന് 543 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. സിബി സജിയുടെ കൈവശം 1.071 കിലോ സ്വർണവും മുസ്ബ മുഹമ്മദിന്റെ പക്കൽ 597 ഗ്രാം സ്വർണവും അൻജും സൂഫിയാന്റെ കൈവശം 542 ഗ്രാം സ്വർണവുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം ഒരേ സംഘത്തിനുവേണ്ടി സ്വർണം കൊണ്ടുവന്നതാണെന്നാണ് സൂചന. ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.