കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4377 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ പിടിയിലായത്. നാല് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും ആണ് എത്തിയത്.
നാദാപുരം സ്വദേശി മുസ്തഫ, കോഴിക്കോട് സ്വദേശികളായ ദിലുലാല്‍, നിജല്‍, മലപ്പുറം സ്വദേശി റിയാസ്, കാസര്‍ഗോഡ് സ്വദേശി നിഷാദ് ഇബ്രാഹീം എന്നിവരാണ് പിടിയിലയത്. മുസ്തഫയില്‍ നിന്ന് 1067 ഗ്രാം സ്വര്‍ണവും ദിലുലാലില്‍ നിന്നും 799 ഗ്രാമും നിഷാദ് ഇബ്രാഹിമില്‍ നിന്നും 856 ഗ്രാമും റിയാസില്‍ നിന്ന് 1.69 കിലോ സ്വര്‍ണ മിശ്രിതവും ആണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നു വന്ന കോഴിക്കോട് സ്വദേശി നിജലില്‍ നിന്ന് 1.56 കിലോ സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. വിപണിയില്‍ രണ്ട് കോടി ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.