കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറാജുദ്ദീനായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്നകാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.