പാലക്കാട്: മീനാക്ഷിപുരത്ത് വന്‍ സ്വര്‍ണവേട്ട. മീനാക്ഷിപുരം എക്സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൂന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ആറു ലക്ഷം രൂപയും പിടികൂടി.
സംഭവത്തില്‍ തൃശൂര്‍ അഞ്ചുമൂര്‍ത്തി മംഗലം സ്വദേശികളായ സതീഷ്, കൃജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണങ്ങള്‍ക്ക് ഒന്നരക്കോടിയിലേറെ വില വരും. പൊള്ളാച്ചിയില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് കാറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ ഒളിപ്പിച്ച ആഭരണങ്ങള്‍ പിടികൂടുകയായിരുന്നു. ഇവര്‍ നേരത്തെയും രേഖകളില്ലാതെ സ്വര്‍ണം കടത്തിയതായി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വര്‍ണവും പണവും തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറും. ഓണത്തോടനുബന്ധിച്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ പറഞ്ഞു.