കൊച്ചി : കേരളത്തിൽ സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ.) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വർണ വില നിശ്ചയിക്കുന്നത്. വർഷങ്ങളായി വില നിർണയാധികാരം ഇവർക്കാണ്. എ.കെ.ജി.എസ്.എം.എ. നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് സ്വർണ വില.
എന്നാൽ മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളിൽ വില്പന നടന്നു. എ.കെ.ജി.എസ്.എം.എ. എന്ന പേരിൽ തന്നെ ജസ്റ്റിൻ പാലാത്ര പ്രസിഡന്റായിട്ടുള്ള സംഘടനയാണ് പവന് 37,200 രൂപയും ഗ്രാമിന് 4,630 രൂപയും വില നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികൾ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെ.ജി.എസ്.ഡി.എ. എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി.