ന്യൂഡൽഹി : നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതൽ തടങ്കലിനെതിരെ സഹോദരൻ കെ.ടി റൈഷാദ് സുപ്രീം കോടതിയെ സമീപിച്ചു. തീവ്രവാദിയെന്ന് പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് റമീസിനെക്കൊണ്ട് കുറ്റ സമ്മതം നടത്തിപ്പിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ കുടുംബാംഗമാണോ ഫൈസൽ ഫരീദ് എന്ന് സംശയിക്കേണ്ടതാണെന്നും റൈഷാദ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടയിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതിയായ റമീസിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കാൻ കഴിഞ്ഞ നവംബറിൽ ഉത്തരവിറങ്ങിയത്. ഇതിനെതിരെ റൈഷാദ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളിയിരുന്നു. കസ്റ്റഡിയിൽവച്ച് പീഡിപ്പിച്ചും ഭീഷണപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പുറപ്പടിവിച്ച കരുതൽ തടങ്കൽ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
യുഎഇയുമായുള്ള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായ അറ്റാഷെക്കെതിരെ നടപടി എടുക്കാത്തത്. നയതന്ത്ര പരിരക്ഷയുള്ള സഹകുറ്റവാളി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനായ റമീസിനെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത് എന്നും റൈഷാദ് ആരോപിക്കുന്നു.
ദുബായിൽനിന്ന് സ്വർണ്ണം അയച്ച ഫൈസൽ ഫരീദിനെ ഇതുവരെ കസ്റ്റംസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നയന്തന്ത്ര പ്രതിനിധിയുടെ പേരിൽവന്ന 79 കിലോ സാധനങ്ങളുടെ ഒറ്റ പാഴ്സലിലാണ് 30 കിലോ സ്വർണ്ണം കണ്ടെത്തിയത്. തനിക്ക് സാധനം അയച്ചത് ബന്ധുവാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ പാഴ്സൽ അയച്ച ഫൈസൽ ഫരീദ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ബന്ധു ആണോ എന്ന് സംശയിക്കേണ്ടി വരുമെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. അഭിഭാഷകൻ മനോജ് വി ജോർജ് തയ്യാറാക്കിയ ഹർജി അഭിഭാഷക ശിൽപ്പ ലിസ ജോർജ് ആണ് ഫയൽ ചെയ്തത്.