കൊച്ചി: സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ, സംസ്ഥാനസര്‍ക്കാരിന്റെ ‘ലൈഫ്മിഷന്‍” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷന്‍. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മാണ കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്‌ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. അതേസമയം സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാനുള്ള സ്വപ്നയുടെ നീക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍.
ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്‌സ് റെഡ് ക്രസന്റ്” (ഇ.ആര്‍.സി) ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നല്‍കിയത്.
2018ല്‍ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുന്‍പു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാര്‍ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എയ്ഡ് അഫയേഴ്സും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. സ്വപ്‌നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്.
ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ 2 ഏക്കര്‍ ഭൂമിയില്‍ 140 ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഇതിനു കരാര്‍ നല്‍കിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്‌ന അവകാശപ്പെടുന്നു. ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചു.