കോഴിക്കോട് : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് നിർബാധം തുടരുന്നു.
കരിപ്പൂരിൽ ഇന്ന് വീണ്ടും സ്വർണ്ണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയിരുന്നു.
കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണ്ണം കടത്തി കൊണ്ടു പോകാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് സ്വർണ്ണം കടത്താൻ ശ്രമിക്കുന്നത് ഒന്നോ രണ്ടോ സംഘങ്ങളല്ലെന്നും വിപുലമായ ഒരു ശൃംഖല തന്നെ സ്വർണ്ണക്കടത്തിന് പിന്നിലുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ സംഭവം.