കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ നിന്ന് 21 തവണയായണ് സംസ്ഥാനത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആദ്യ നാല് ബാഗുകള്‍ അയച്ചിരിക്കുന്നത് പശ്‌ചിമ ബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള ബാഗുകള്‍ യു.എ.ഇ സ്വദേശി ദാവൂദാണ് അയച്ചിരിക്കുന്നത്. പത്തൊമ്പതാമത്തെ ബാഗ് അയച്ചത് ദുബായ് സ്വദേശിയായ ഹാഷിമാണ്. അവസാനത്തെ രണ്ട് ബാഗുകളാണ് ഫൈസല്‍ ഫരീദിന്റെ പേരില്‍ അയച്ചിരിക്കുന്നത്. അവസാനത്തെ രണ്ട് ബാഗുകള്‍ അയച്ചതില്‍ മാത്രമാണ് താന്‍ പങ്കാളിയെന്നും മറ്റ് ബാഗുകള്‍ അയച്ചതില്‍ തനിക്ക് പങ്കില്ലെന്നുമാണ് ഫൈസല്‍ ഫരീദ് എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
21 തവണയായി 166 കിലോ സ്വര്‍ണമാണ് ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് കയറ്റി അയച്ചതെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോള്‍ അറസ്റ്റിലായ കെ.ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് എന്‍.ഐ.എയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയത്. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും എന്‍.ഐ.എ സംഘം ദുബായ് വിമാനത്താവളത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ചേര്‍ത്താണ് സ്വര്‍ണം അയച്ചവരുടെ പട്ടിക എന്‍.ഐ.എ ശേഖരിച്ചത്.
ഫൈസല്‍ ഫരീദ്, റബിന്‍സ്, കുഞ്ഞാലി എന്നിവരാണ് സ്വര്‍ണക്കടത്തിന് പിന്നില്‍ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് പല ആളുകളുടെ പേരിലായി ബാഗുകള്‍ അയച്ചതെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. ഫൈസല്‍ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവര്‍ എന്നാണ് എന്‍.ഐ.എയുടെ പ്രാഥമിക നിഗമനം.
ഇവരെ ഉടനടി എന്‍.ഐ.എയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ല. രണ്ട് പേര്‍ യു.എ.ഇ പൗരന്‍മാരാണ്. യു.എ.ഇ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് എന്‍.ഐ.എയുടെ പ്രതീക്ഷ. നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തപ്പെട്ടത് അവര്‍ക്ക് തന്നെ നാണക്കേടായ സാഹചര്യത്തില്‍ അവരിതില്‍ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും അന്വേഷണസംഘം കരുതുന്നു.