കൊച്ചി : സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതി 55 ലക്ഷം രൂപയുമായി കൊച്ചിയില്‍ പിടിയില്‍. പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷ്ടിച്ചു കടത്തിയ സംഭവത്തിലെ പ്രതിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ റാഷിദ്. ഇയാളെ പിടികൂടാനായി കര്‍ണാടകയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയില്‍ എത്തിയിരുന്നു.
കച്ചേരിപ്പടിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ പോലീസെത്തി. ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപെടുന്നതിനിടെയാണ് ബോള്‍ഗാട്ടി പാലത്തിനു മുന്നിലെ കേരള പോലീസ് ചെക്കിങ് നടത്തുന്നതിന് മുന്നില്‍ റാഷിദ് എത്തിയത്. ബാങ്കില്‍ പോകുകയാണ് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇയാള്‍ സത്യവാങ്മൂലം കാണിച്ചു.
ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാല്‍ സംശയം തോന്നിയ പോലീസ് രേഖകള്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ സത്യവാങ്മൂലങ്ങള്‍ വാഹനത്തില്‍ കാണുന്നത്. തുടര്‍ന്ന് ബാഗില്‍ നിന്ന് പണവും കണ്ടെടുത്തു. ഇതിനു ശേഷമാണ് കര്‍ണാടക പോലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. റാഷിദിനെയും നിസാമിനെയും കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് റാഷിദിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് കര്‍ണാടക പോലീസിന്റെ തീരുമാനം. റാഷിദ് ഉള്‍പ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തു നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതികളായുള്ളത്.