തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കേസിലെ ഇടനിലക്കാരില്‍ ഒരാളാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.
പിടിയിലായ ഇടനിലക്കാരനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചതായാണ് വിവരം. ഇയാളുടെ അറസ്റ്റും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളെ കൂടി കസ്റ്റംസ് പിടികൂടുന്നത്. വരും ദിവസങ്ങളില്‍ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളും പിടിയിലാകുമെന്നാണ് കരുതുന്നത്.
അതേസമയം കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതിയിലേയ്ക്ക് കൊണ്ടു പോയി. ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് വിവരം.