കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തിലുറച്ച് എന്‍ഐഎ. തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്നു കോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസ് ഡയറി ഹാജരാക്കാന്‍ എന്‍ഐഎ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
അന്വേഷണസംഘത്തിന്റെ പിടിയിലുള്ള റമീസ് ആണ് സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണിയെന്നാണ് വിലയിരുത്തല്‍. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ കെടി റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎ നിലപാട്.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടെയും കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍ഐഎ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ജൂലൈ 29ന് സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേസില്‍ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ ഹാജരാക്കാന്‍ എന്‍ഐഎക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കിയത്.