കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ച് കസ്റ്റംസ്. മുഖ്യപ്രതികള്‍ക്കെതിരെ കസ്റ്റംസ് കൊഫേപോസ ആക്‌ട് ചുമത്തും. കൊഫേപോസ ചുമത്തുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റു ചെയ്ത സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, കെ ടി റമീസ് എന്നിവര്‍ ഉള്‍പ്പെടെ പ്രധാന പ്രതികള്‍ക്കെല്ലാമെതിരെ കൊഫേപോസ ചുമത്താനുള്ള നടപടികളാണ് കസ്റ്റംസ് ആരംഭിച്ചിട്ടുള്ളത്. കൊഫേപോസ ചുമത്തേണ്ടതിന്റെ സാഹചര്യങ്ങള്‍ വിശദമാക്കി സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് കസ്റ്റംസ്. സിഇഐബി അനുമതി ലഭിച്ചാലും കൊഫേപോസ അഡ്വൈസറി ബോര്‍ഡും അംഗീകരിക്കണം.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളക്കടത്തിനും ചുമത്തുന്ന കൊഫേപോസ നിയമത്തില്‍ ഒരു വര്‍ഷം വരെ ജാമ്യമില്ലാതെ കരുതല്‍ തടങ്കലിലാകും. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ ചുമത്തിയ കേസായതിനാല്‍ സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ് എന്നിവര്‍ 180 ദിവസം വരെ റിമാന്റില്‍ കഴിയണം. സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ പരമാവധി 7 വര്‍ഷം വരെ മാത്രമാണ് ശിക്ഷ. കൊഫേപോസ കൂടി ചുമത്തിയാല്‍ പ്രതികള്‍ക്ക് മേലുള്ള കുരുക്ക് കുടുതല്‍ മുറുകും.
സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ആദ്യഘട്ട അന്വേഷണവും പൂര്‍ത്തിയാവുകയാണ്. വിദേശത്തുള്ള ഫൈസല്‍ പരീദിനെയും റബിന്‍സ് അഹമ്മദിനെയും ചോദ്യം ചെയ്യേണ്ടത് കസ്റ്റംസിന്റെ തുടരന്വേഷണത്തിനും പ്രധാനമാണ്.