തിരുവനന്തപുരം : സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സ്പീക്കര്‍ സ്വര്‍ണക്കടത്തിന് സഹായിച്ചു. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹതകള്‍ നിറഞ്ഞതാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. സത്യങ്ങള്‍ ഓരോന്ന് മറനീക്കി പുറത്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനാ പദവി വഹിക്കുന്ന പ്രമുഖ വ്യക്തിയാണ് ഇതെന്ന വിവരങ്ങളും പുറത്ത് വന്നു. ഇതിനെ പിറകെയാണ് ഇത് ആരെന്ന ചോദ്യവുമായി രാഷ്ട്രീയ കേരളം രംഗത്തെത്തുന്നത്. എല്ലാ സംശയങ്ങളും സ്പീക്കര്‍ക്ക് നേരെയായിരുന്നു വിരല്‍ ചൂണ്ടിയിരുന്നത്. ഇതിനിടയിലാണ് വെളിപ്പെടുത്തലുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഇതോടെ സ്പീക്കര്‍ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്.
നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.
എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ തള്ളി കളയുകയാണ് സിപിഎം. സ്വപ്‌നയും നേതാവും തമ്മില്‍ ഒരുമിച്ച് വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നാണ് സൂചന. യാത്ര രേഖകള്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തും. ഇത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കേരള രാഷ്ട്രയത്തില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവയ്ക്കും. കോടതിയില്‍ സ്വപ്‌ന രഹസ്യ മൊഴിയും നല്‍കിയിട്ടുണ്ട്.
ഈ ഉന്നതനെതിരെ മതിയായ തെളിവുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സി. ഇതിനു പുറമേ ഭരണരംഗത്ത് അത്യുന്നത പദവിയിലുള്ള മറ്റു രണ്ടു പ്രമുഖ വ്യക്തികളുടെ പേരും സ്വപ്ന സുരേഷ് മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലുണ്ടെന്നാണു ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ക്കു ലഭിച്ച വിവരം. ഭരണഘടനാ പദവിയിലുള്ള വ്യക്തി സിപിഎമ്മുകാരനാണെന്നാണ് പുറത്തു വരുന്ന സൂചന.