കൊണ്ടോട്ടി : കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസ് അന്വേഷണം പുരോഗമിക്കുന്തോറും അന്വേഷണ സംഘമെത്തുന്നത് കുപ്രസിദ്ധക്വട്ടേഷന് സംഘങ്ങളിലേക്ക്. ജൂണ്‍ 21ന് രാമനാട്ടുകരയില്‍ അഞ്ച് യുവാക്കളുടെ അപകടമരണത്തെ തുടര്‍ന്നു വെളിച്ചെത്തുവന്ന കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇതുവരെ 38 പ്രതികളാണ് അറസ്റ്റിലായത്. രണ്ട് ഡസനോളം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചതായാണ് പോലീസ് പറയുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളില്‍ നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് നേരത്തേതന്നെ വിവരം ലഭിച്ചതാണ്. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം എത്തേണ്ടിടത്ത് എത്തിക്കാനും കാരിയര്‍മാര്‍ക്ക് സുരക്ഷയൊരുക്കാനും കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്നതിനുമായി ലക്ഷങ്ങള്‍ വില പറഞ്ഞാണ് ഈ സംഘങ്ങള്‍ ക്വട്ടേഷന്‍ തരപ്പെടുത്തുന്നത്. കര്‍ണാടകയില്‍നിന്ന് അറസ്റ്റ് ചെയ്ത കിഴക്കോത്ത് കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കല്‍ മുഹമ്മദ് സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ക്വട്ടേഷന്‍ തലവനാണ്.
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച സംഭവം നടന്ന ദിവസംതന്നെ ആപ്പുവിന്റെ പങ്ക് വ്യക്തമായിരുന്നു. ഈ സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. അര്ജുന് ആയങ്കിയും സംഘവും വന്ന വാഹനത്തിനുനേരെ സോഡ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ആപ്പുവിന്റെ സംഘമായിരുന്നു. ഒരേസമയം സ്വര്‍ണക്കടത്തുകാരനായും സ്വര്ണക്കവര്ച്ചക്കാരനായും ഹവാല പണം ഇടപാടുകാരനായും ഇത്തരക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നവനായും ആപ്പു പ്രവര്‍ത്തിക്കും.
ഇയാളടക്കമുള്ളവര്ക്കെതിരെ കാപ്പ അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. തട്ടിക്കൊണ്ടുപോകുന്നവരെ ദിവസങ്ങളോളം പാര്‍പ്പിച്ചു ക്രൂരമായി മര്‍ദിക്കുന്നതിനുള്ള സങ്കേതങ്ങള്‍ കൊടുവള്ളി, ബംഗളൂരു, വയനാട് എന്നിവിടങ്ങളില്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ സഹായിച്ചവരെ പോലീസ് നിരീക്ഷിച്ചുവരുകയാണ്. ആപ്പുവിനെ അന്വേഷിച്ച് വീട്ടില്‍ ചെന്ന കാരണത്താല്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഒളിവിലായിരിക്കുമ്പോള്‍ പ്രതികള്‍ ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ചും ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ചും പോലീസിനെ വെല്ലുവിളിച്ച് കഴിയുകയായിരുന്നു. ജില്ല പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.