കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. എന്‍ഐഎ നിരീക്ഷണത്തില്‍ തന്നെയാണ് ശിവശങ്കര്‍ കൊച്ചിയില്‍ കഴിയുന്നത്. എന്‍ഐഎയാണ് ശിവശങ്കറിന് വേണ്ടി ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്.
രണ്ടാം ദിവസമായ ഇന്ന് ചോദ്യം ചെയ്യല്‍ തുടരുന്നതിനായി രാവിലെ 10 മണിക്ക് കൊച്ചി എന്‍ഐഎ ഓഫീസില്‍ വീണ്ടുമെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചി പനമ്പളളി നഗറില്‍ എന്‍ഐഎ ഓഫീസിന് അടുത്തുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ രാവിലെ തങ്ങിയത്.
ഇന്നലെ പകല്‍ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ നേരത്തേതിന് സമാനമായി സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നതിലല്ലാതെ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലായെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതെന്നാണ് സൂചന.
ഇന്നലെയായിരുന്നു തിരുവനന്തപുരത്ത് നിന്നും ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തുന്നത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. 56 ഓളം ചോദ്യങ്ങള്‍ എന്‍ഐഎ ശിവശങ്കരനോട് ചോദിക്കാനായി തയ്യാറാക്കിയെന്നാണ് വിവരം.
സ്വപ്ന സുരേഷാണ് സരിത്തിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. 23 നായിരുന്നു ശിവശങ്കറിനെ നേരത്തെ എന്‍ഐഎ ചേദ്യം ചെയ്തത്. അഞ്ച് മണിക്കൂര്‍ നീണ്ട് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വിട്ടയച്ചത്. ആദ്യ ചോദ്യം ചെയ്യലില്‍ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയത്. സെക്രട്ടറിയേറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.