കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ റബിന്‍സ് കെ. ഹമീദിനെ ഈ മാസം 28 വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. സ്വപ്നയേയും, സരിത്തിനേയും ജയിലില്‍ ചോദ്യം ചെയ്യാനും കസ്റ്റംസിന് അനുമതി ലഭിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ ഹമീദിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് അപേക്ഷ കോടതി അംഗീകരിച്ചു. പത്ത് ദിവസത്തേയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ എറണാകുളം സാമ്ബത്തീക കുറ്റന്വേഷണ കോടതി വിട്ട് നല്‍കി. റബിന്‍സിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
യുഎഇ നാട് കടത്തിയപ്രതിയെ നേരത്തെ വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കോടതി അനുമതിയോടെ കസ്റ്റംസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ഇതിനിടെ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനും കസ്റ്റഡി അനുമതി നല്‍കിയിട്ടുണ്ട്. റബിന്‍സിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്വപ്നയേയും, സരിത്തിനേയും ജയിലില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം.