കൊച്ചി : നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതിയും ഓമശേരി കല്ലുരുട്ടി സ്വദേശിയുമായ പി.എസ് മുഹമ്മദ് മന്‍സൂറിനെ എന്‍ഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. ദുബൈയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. പിടിയിലായ മന്‍സൂറിനെ കൊച്ചിയില്‍ എത്തിച്ചു. കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിദേശത്തു നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.
നേരത്തേ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മന്‍സൂര്‍. കേസ് വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വിദേശത്ത് ഒളിവില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാന്‍ എന്‍ഐഎ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. മന്‍സൂറിനെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്‍ന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ഫൈസല്‍ ഫരീദ് ഉള്‍പെടെയുള്ളവര്‍ ഇനിയും പിടിയിലായിട്ടില്ല.