തിരുവനന്തപുരം: സ്വപ്നയും എം. ശിവശങ്കറും ഒരുമിച്ച് യാത്രകള്‍ നടത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സ്പേസ്പാര്‍ക്ക് ആശയത്തെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചയ്ക്കായി ശിവശങ്കര്‍ ബെംഗളൂരു ഉള്‍പ്പെടെ ഇടങ്ങളില്‍ യാത്ര നടത്തിയിരുന്നു. ഇതില്‍ പലതിലും സ്വപ്ന അനുഗമിച്ചതായാണ് വിവരം. യാത്രകളില്‍ അവര്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. കൂടിക്കാഴ്ചകള്‍ക്ക് സ്വപ്നയെ കൂടെകൂട്ടാന്‍ ശിവശങ്കറിന് ഔദ്യോഗിക അനുമതിയുണ്ടോയെന്നും പരിശോധിക്കും.
കൂടുതല്‍ ദൃശ്യങ്ങള്‍ തിരഞ്ഞ് എന്‍.ഐ.എ. സെക്രട്ടേറിയറ്റിലെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചു. നിലവില്‍ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ശിവശങ്കറെ ചോദ്യം ചെയ്യും മുമ്പ് ദൃശ്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ലഭിച്ചില്ല. ആ സാഹചര്യത്തിലാണ് ഒരുവര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നീക്കം ആരംഭിച്ചത്. പരിശോധന അടുത്തയാഴ്ച തുടങ്ങും.
ഇപ്പോള്‍ പിടിയിലായ സംഘം 2019 ജൂലൈ മുതല്‍ സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. സംഘാംഗങ്ങളില്‍ ആരെങ്കിലും സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് പരിശോധന. കേസില്‍ ഉള്‍പെട്ട ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു വര്‍ഷത്തിനിടെ പലതവണ എത്തിയെന്ന നിഗമനവുമുണ്ട്. മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും ഓഫീസ്, സെക്രട്ടേറിയറ്റ് അനക്സ്, യു.ഇ.എ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടുത്തമാസത്തോടെ ലഭ്യമാകും.