കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 9 മണിക്കൂറോളമാണ് ശിവസങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്ന സുരേഷിനൊപ്പമിരുത്തിയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ എന്‍ഐഎയുടെ കടവന്ത്ര ഗിരിനഗറിലുള്ള ഓഫീസിലെത്തിയത്. തൊട്ടു പിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫീസിലെത്തിക്കുകയായിരുന്നു. നേരത്തെ മൂന്നു ദിവസങ്ങളിലായി രണ്ടു തവണ ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ മടങ്ങി. തന്റെ പോളോ കാറിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി ഉണ്ടായില്ല.
സ്വപ്ന സുരേഷ് ശിവശങ്കറുമായി നടത്തിയ വാട്‌സാപ്, ടെലളാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് തിരിച്ചെടുത്ത അന്വേഷണ സംഘം ഇതില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇതിനു പുറമേ സ്വപ്നയുടെയും ഒന്നാം പ്രതി സന്ദീപ് നായരുടെയും ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമായി രണ്ട് ജിബിയോളം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മൂന്നു പേരുടെയും മൊഴികള്‍ കൂടി പരിശോധിച്ച അന്വേഷണ സംഘം ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തുമായി എം.ശിവശങ്കറിന് ബന്ധമുണ്ടോ, സ്വപ്നയുടെ ഇടപാടുകളെക്കുറിച്ച് ഇദ്ദേഹത്തിന് അറിവുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അന്വേഷണ സംഘം പ്രധാനമായി തേടിയത്.