കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുത്ത കെ.ടി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസ് മുമ്പ് തോക്ക് കടത്തിയ കേസിലും പ്രതിയാണ്. ഇന്നലെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് റമീസ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ ഓഫീസിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ പുലര്‍ച്ചെ മലപ്പുറം വെട്ടത്തൂരിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റമീസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ നാലാമത്തെ അറസ്റ്റാണു റമീസിന്റേത്. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് സൂചന. സ്വര്‍ണം പോകുന്നതെങ്ങോെട്ടന്ന് ഇയാള്‍ കസ്റ്റംസിനോടു പറഞ്ഞതായി സൂചനയുണ്ട്.
2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് റമീസ്. തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണറുടെ ഓഫീസിലാണുള്ളത്.
അതിനിടെ കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കും.
ഒളിവില്‍ കഴിയുമ്പോഴും സന്ദീപ് നായര്‍ വിളിച്ചിരുന്നതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും എല്ലാ കുറ്റവും തന്റെ പേരില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും സന്ദീപ് പറഞ്ഞതായി അമ്മ പറഞ്ഞു. ആഡംബരകാര്‍ വാങ്ങിയതിലും വര്‍ക്ക്‌ഷോപ്പ് തുടങ്ങിയതിലും കടമുണ്ടെന്നും ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അമ്മ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ് ദുബായില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റംസ് തന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ സുഹൃത്തിനോട് വിവരങ്ങള്‍ തിരക്കിയതായി അറിഞ്ഞുവെന്നും ഫൈസല്‍ പറഞ്ഞു. എന്നാല്‍ സുഹൃത്തുവഴി ഫൈസലിന്റെ മൊഴിയെടുത്തുവെന്നാണ് കസ്റ്റംസ് പറയുന്നത്.