കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്മെന്റ്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്‌സ്മെന്റ് വിലയിരുത്തല്‍. സ്വപ്‌നയുടെ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പ്രളയഫണ്ടിനായി വിദേശത്ത് പോയപ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഒക്‌ടോബര്‍ മാസത്തില്‍ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഫോഴ്‌സ്മെന്റ് തീരുമാനം. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ എന്‍ഫോഴ്‌സ്മെന്റ് നിലപാട്. ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കേസില്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിനെതിരെ സ്വപ്ന നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സുല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. ലോക്ക്ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോണ്‍സുല്‍ ജനറലിന് കമ്മീഷന്‍ നല്‍കിയെന്ന് സ്വപ്‌ന വ്യക്തമാക്കുന്നു. ഇതോടൊപ്പം സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയ ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ചുള്ള ദുരൂഹതയും വര്‍ദ്ധിക്കുകയാണ്.