തിരുവനന്തപുരം : സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് ത്രൈമാസ നികുതി ഇളവ് നല്‍കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ജൂലൈ-സെപ്തംബര്‍ മാസത്തെ നികുതികളാണ് ഇളവ് ചെയ്തു നല്‍കുക. കോവിഡ്-19 രോഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്റ്റ് 1 മുതലായിരുന്നു സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് ജിഫോം നല്‍കി സര്‍വ്വീസ് നിര്‍ത്തിവെച്ചത്. കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമ നിധി സര്‍ക്കാര്‍ അനുവദിക്കുക, ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകള്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കും. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചത്. നികുതിയിളവ് നല്‍കിയാല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
വിവാഹങ്ങളും മറ്റു ചടങ്ങുകളും ഏതാണ്ട് പൂര്‍ണ്ണമായും ആര്‍ഭാടരഹിതമായി നടക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകള്‍ക്കും (കോണ്‍ട്രാക്‌ട് കാര്യേജ്) ഓട്ടമില്ലാത്ത സ്ഥിതിയാണ്. ഇവയ്ക്കും ഈ കാലയളവില്‍ നികുതിയിളവ് നല്‍കുകയാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകള്‍ക്ക് പൂര്‍ണ്ണമായും ടൂറിസ്റ്റ് ബസുകള്‍ക്ക് 20 ശതമാനവും നികുതിയിളവ് നല്‍കിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നല്‍കുന്നത്.
ഒരു ത്രൈമാസത്തില്‍ പ്രൈവറ്റ് ബസുകളില്‍ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളില്‍ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തില്‍ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തില്‍ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കുമായി നല്‍കുന്നത്. കഴിഞ്ഞ ത്രൈമാസത്തില്‍ 53 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിരുന്നു. ഇതോടെ ബസുകള്‍ക്ക് നല്‍കുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.