തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ സംസാരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനോടാണെന്ന് സൂചന. ഇവര്‍ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും സൂചനകളുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന വളരെ നിര്‍ണായക വിവരമാണ് ഈ നഴ്സിനോട് കൈമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലെ നഴ്സിനെ കബളിപ്പിച്ചാണ് സ്വപ്ന അവരുടെ ഫോണില്‍നിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചത്. ചികിത്സയ്ക്ക് പൈസ വേണമെന്ന് വീട്ടുകാരെ വിളിച്ചറിയിക്കാന്‍ ഫോണൊന്നു തരണമെന്ന് അപേക്ഷിച്ചാണ് സ്വപ്ന നഴ്സിന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്നാണ് വിവരം. സ്വപ്നയെ പാര്‍പ്പിച്ചിരുന്ന സെല്ലിന് പുറത്ത് പോലീസും എന്‍ഐഎ പ്രതിനിധിയുമൊക്കെ കാവല്‍ നില്‍ക്കുന്പോഴാണ് ഫോണ്‍ വിളിയെന്നത് ഗുരുതര സുരക്ഷ പാളിച്ചയാണ്.
ഫോണ്‍ വിളി വിവാദമായതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ സംഭവം അന്വേഷിക്കുന്നുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചും എന്‍ഐഎയും മറ്റും അന്വേഷണം നടത്തുന്നുണ്ട്. എന്‍ഐഎ സ്വപ്നയോട് ഇതെക്കുറിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ലെന്നാണ് സൂചന. നഴ്സിന്റെ ഫോണിലെ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി. മെഡിക്കല്‍ ബോര്‍ഡ് ഇന്നുച്ചയ്ക്ക് യോഗം ചേര്‍ന്ന് സ്വപ്നയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും.
കഴിഞ്ഞ തവണ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇസിജിയില്‍ നേരിയ വ്യതിയാനം കണ്ടിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കാം നെഞ്ചുവേദനയെന്നായിരുന്നു നിഗമനം. ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയാണ് വീണ്ടും സ്വപ്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുതന്നെ തിരിച്ചെത്തിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ.ടി. റമീസിനെയും ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റമീസിന് വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.