കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടുവട്ടം ചോദ്യം ചെയ്തതോടെ പുറത്തു വരുന്നതു സ്വപ്നയ്ക്ക് ‘അധികാരത്തിന്റെ ഇടനാഴി’യിലുള്ള സ്വാധീനത്തിന്റെ കൂടുതൽ വിവരങ്ങൾ. സ്വർണക്കടത്തിനു വളരെ മുൻപു തന്നെ അധികാരകേന്ദ്രങ്ങളിൽ സ്വപ്ന സ്വാധീനം ഉറപ്പിച്ചതിന്റെ തെളിവുകളാണു ഇഡിക്കു ലഭിക്കുന്നത്. ശിവശങ്കറിനെ 15നു വീണ്ടും ചോദ്യം ചെയ്തു. ശിവശങ്കറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വപ്നയും സംയുക്തമായി ബാങ്ക് ലോക്കർ തുറന്നത് 2018 നവംബറിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നു കണ്ടെടുത്ത 1 കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മീഷനായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.
നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്ത് ആരംഭിച്ചതു 2019 ജൂലൈയിലാണ്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം, സ്വർണം, അവയുടെ ക്രയവിക്രയം എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും രേഖകൾ സഹിതം ചാർട്ടേഡ് അക്കൗണ്ടന്റ് അന്വേഷണ സംഘത്തിനു കൈമാറി. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നതു ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നെന്നും സ്വപ്ന മൊഴി നൽകി. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയ ചാർട്ടേഡ് അക്കൗണ്ടന്റ് ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നു. എന്നാൽ സംയുക്ത ബാങ്ക് ഇടപാടുകൾ അവസാനിപ്പിക്കാൻ ശിവശങ്കർ പറഞ്ഞില്ല. ഇതോടെ സ്വപ്നയ്ക്കു വേണ്ടി നടത്തുന്ന മുഴുവൻ ഇടപാടുകളുടെയും രേഖകൾ ഇദ്ദേഹം സൂക്ഷിച്ചു തുടങ്ങി. ഈ രേഖകൾ വെച്ചുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം നൽകാൻ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല.