തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.ഡി സതീശന്റെ സബ് മിഷന്‍ ഭരണപക്ഷത്തിന്റെ ക്രമപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളിയതോടെ നിയമസഭയില്‍ പ്രതിഷേധത്തിനിടയാക്കി. കോണ്‍സുലേറ്റിനെ കുറിച്ചുള്ള സബ് മിഷന്‍ നോട്ടീസ് സംസ്ഥാന സര്‍ക്കാറിന്റെ പരിധിയില്‍ വരുന്നില്ലെന്നായിരുന്നു ഭരണപക്ഷ വാദം.
നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സ്വര്‍ണ്ണക്കടത്ത് വിവാദം നിയമസഭയിലേക്കെത്തിക്കാനുള്ള പ്രതിപക്ഷ നീക്കം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സബ് മിഷന്‍ നോട്ടീസിന് പക്ഷെ ഭരണപക്ഷം ക്രമപ്രശ്നത്തിലൂടെ ഉടക്കിട്ടു. വിഷയം നേരത്തെ സഭയില്‍ അടിയന്തിരപ്രമേയമായി വന്നതാണെന്നും ഭരണപക്ഷം ഉന്നയിച്ചു. മറുപടി പറയാന്‍ പേടിയില്ലെന്ന പറഞ്ഞ നിയമന്ത്രി തന്നെയാണ് ശക്തമായി ക്രമപ്രശ്നത്തില്‍ വാദിച്ചത്. വാദപ്രതിവാദങ്ങള്‍ക്കിടെ സ്പീക്കര്‍ ക്രമപ്രശ്നം അനുവദിച്ച് സബ് മിഷന്‍ നിരാകരിച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി.
സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയുടെ ആരോപണത്തിലെ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടി ആര് കൊണ്ടുവന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതടക്കം അന്വേഷിക്കാന്‍ സിബിഐക്ക് ശുപാര്‍ശ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നത്തെ വാദം. പക്ഷെ സബ് മിഷന്‍ തള്ളിയതോടെ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് ആവര്‍ത്തിച്ചാണ് പിണറായിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുവെന്നും സ്വര്‍ണ്ണക്കടത്തില്‍ സിപിഐ അന്വേഷണം തന്നെ വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറാണ്.
മടിയില്‍ കനമില്ലാത്തത് കൊണ്ട് വഴിയില്‍ പേടിയില്ല എന്ന് ബോര്‍ഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട വി.ഡി സതീശന്‍, ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തിലും മറുപടി പറഞ്ഞു. രണ്ട് പേരെയും നേരിടാം. ആര്‍എസ്‌എസിന്റെ നോട്ടീസിനെ നിയമ പരമായി നേരിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ആര്‍എസ്‌എസിന്റെ 8 പരിപാടിയില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിന്റെ വിവരമുണ്ടെന്നും വിമര്‍ശിച്ചു.