തിരുവനന്തപുരം : സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടന്‍ നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
യുഎഇ കോണ്‍സുലേറ്റ് വഴി പാര്‍സല്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്കും, സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പാഴ്‌സലുകള്‍ ഏറ്റുവാങ്ങിയത് സംബന്ധിച്ച് മുഴുവന്‍ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ പ്രതികള്‍ ബിനാമികളാണെന്ന് ആധായ നികുതി വകുപ്പ് കണ്ടെത്തി. പ്രതി സ്വപ്‌നാ സുരേഷില്‍ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍.
ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറില്‍ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതല്‍ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.