കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ചില മാഫിയാ സംഘങ്ങളാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഐടി വകുപ്പില്‍ നിന്ന് അനധികൃതവും നിയമവിരുദ്ധവുമായി മുഖ്യമന്ത്രിയുടെ മകള്‍ പലതും നേടി. ഇതിന്റെ പ്രത്യുപകാരമായാണ് ശിവശങ്കരന് അമിത അധികാരങ്ങള്‍ നല്‍കിയതെന്നും കൃഷ്ണദാസ് കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐ.ടി സെക്രട്ടറി ശിവശങ്കറിലൂടെ സി.പി.എം വലിയ തുക സമ്പാദിച്ചുവെന്നും സ്വര്‍ണ്ണക്കടത്ത് അഴിമതിയിലെ പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത്-അധോലോക മാഫിയ സംഘത്തിന്റെ കേന്ദ്രമായി മാറുക എന്നുള്ളത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യസംഭവമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായിക്ക് ധാര്‍മ്മികമായി അവകാശമില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി പിണറായി സ്വയം മാതൃകയാവണം. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നു. ഇത് രാഷ്ട്ര സുരക്ഷയെ ബാധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി മാറുന്നു എന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കള്ളക്കടത്തു കേസിലെ മുഖ്യപ്രതിക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള ബന്ധം പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധവും പുറത്തുവന്നിരിക്കുകയാണ്. അതിനാലാണ് പ്രിന്‍സിപ്പില്‍ സെക്രട്ടറിയെ മാറ്റുന്നതിനു മുമ്പ് മുഖ്യമന്ത്രി തല്‍സ്ഥാനം രാജി വെക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.