തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ ഏഴു പ്രതികള്‍ക്കെതിരെ കൂടി കൊഫെപോസ ചുമത്തുന്നു. ഒന്നാം പ്രതി പി.എസ്.സരിത്, രണ്ടാം പ്രതി കെ.ടി.റമീസ്, മറ്റു പ്രധാന പ്രതികളായ ജലാല്‍, അംജത് അലി, സെയ്തലവി, ടി.എം. ഷംജു, മുഹമ്മദ് ഷാഫി എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്താനാണു അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഉത്തരവിറങ്ങിയാലുടന്‍ എറണാകുളം, തൃശൂര്‍ വിയ്യൂര്‍ ജയിലുകളില്‍ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.
കൊഫേപോസ ചുമത്തിയാല്‍ ഒരു വര്‍ഷത്തേക്കു പുറത്തിറങ്ങാനാകില്ല. സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണുള്ളത്. സാധാരണ കസ്റ്റംസ് കേസാണെങ്കില്‍ പ്രതികള്‍ക്ക് ഇടയ്ക്കു ജാമ്യം ലഭിക്കുമെന്നതിനാലാണു കൊഫേപോസ ചുമത്തുന്നത്. ഇവര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സിയും കേസെടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്കും ഇവരെ ജയിലില്‍ ചോദ്യം ചെയ്യാം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യല്‍ കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കേസെടുത്തു കസ്റ്റഡിയില്‍ വാങ്ങും. ഡോളര്‍ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിനെ പ്രതിചേര്‍ക്കുമെന്നാണു വിവരം.