തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പ് ആയ ‘കാര്‍ബണ്‍ ഡോക്ടര്‍’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടിയില്‍ നിന്നു വിവരം തേടിയോ വിശ്വാസത്തിലെടുത്തോ അല്ലെന്ന് സിപിഎം ജില്ലാ നേതൃത്വം. ചടങ്ങില്‍ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് മുന്‍മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചെങ്കിലും സഭാധ്യക്ഷനായ സ്പീക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. രാവിലെ നിശ്ചയിരുന്ന ചടങ്ങ് സ്‌പീക്കറുടെ സൗകര്യാര്‍ത്ഥമാണ് ഉച്ചയ്ക്ക് നടത്തിയത്.
സഭാസമ്മേളനം നടക്കുന്ന സമയത്ത് 15 കിലോമീറ്ററകലെ ഇങ്ങനെയൊരു സ്വകാര്യചടങ്ങ് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്. വിവാദം ഉയര്‍ന്നതോടെ ജില്ലാ നേതൃത്വത്തില്‍ നിന്നു സംസ്ഥാന നേതൃത്വം വിവരം തേടിയിരുന്നു. കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചയമുണ്ടായിരുന്ന സ്വപ്ന സുരേഷ് നിര്‍ബന്ധിച്ചതിന്റെയും അവരുമായുള്ള സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് പങ്കെടുത്തതെന്ന ശ്രീരാമകൃഷ്ണന്റെ വിശദീകരണവും സിപിഎം കണക്കിലെടുത്തിട്ടുണ്ട്.