തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോണ്‍മെന്റ് ഗേറ്റ് ഭാഗത്തെയും ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കും. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളില്‍ നിന്നുള്ള ഒരുവര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തണമെങ്കില്‍ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്. ഇതിന്റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് കണക്ക്.
ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനങ്ങളൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തോട് പൊതുഭരണവകുപ്പ് നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംഭരണ സംവിധാനങ്ങള്‍ വാങ്ങാന്‍ ഉടന്‍ ടെന്‍ഡര്‍ വിളിക്കും. സെക്രട്ടേറിയറ്റ് അനക്‌സിലെ ക്യാമറ ദൃശ്യങ്ങളൊന്നും എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം ഇ.ഡി. ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്‌സിലാണ്.