കൊച്ചി : ചൊവ്വാഴ്ച ദിവസം – അത് ശിവശങ്കറിന് നിര്‍ണായകമാകുകയാണ്, പിണറായി സര്‍ക്കാരിനും. സ്വര്‍ണക്കടത്ത് കേസില്‍ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ എന്‍.ഐ.എ ഇന്നത്തേക്ക് വിട്ടയച്ചു. നാളെ രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണം. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു.
എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. നേരത്തെ തിരുവനന്തപുരത്ത് വെച്ച് അഞ്ച് മണിക്കൂറോളം ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാളത്തെ ദിനം ശിവശങ്കറിന് നിര്‍ണായകമാണ് . നാളെ ചോദ്യം ചെയ്യലിന് നേത്യത്വം നല്‍കുന്നത് എന്‍ഐഎയിലെ സേതുരാമയ്യര്‍ എന്നറിയപ്പെടുന്ന ഐജി നിതീഷ് കുമാറും സംഘവും ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതീവ രഹസ്യമായാണ് എന്‍.ഐ.എ കാര്യങ്ങള്‍ നീക്കുന്നത്.
കൊച്ചിയില്‍ എന്‍ഐഎ ആസ്ഥാനത്തെ ഇന്നത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മൊഴികളും അന്വേഷണ സംഘങ്ങളുടെ പക്കല്‍ നേരത്തെയുള്ള വിവരങ്ങളും വിലയിരുത്തല്‍ നടത്തിയതിനു ശേഷം അത് എന്‍ഐഎ ആസ്ഥാനത്തേയ്ക്ക് മെയില്‍ ചെയ്യും. സന്ദേശത്തിലെത്തുന്ന വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തും. ഇതിലുണ്ടായ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുത്താണ് നാളത്തെ ചോദ്യങ്ങള്‍. നിലവില്‍ ഇതുവരെ ശിവശങ്കറിന്റെ അറസ്റ്റിലേയ്ക്കു നയിക്കുന്ന നിലയിലെത്തിയിട്ടില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നാളത്തെ ചോദ്യം ചെയ്യല്‍ കഴിയുമ്പോഴറിയാം മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി അഴിക്കുള്ളിലേയ്ക്കാണോ അതോ സാക്ഷിക്കൂട്ടിലേയ്ക്കാണോ എന്ന്.