കൊച്ചി : സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വരുത്താന്‍ ബിജെപി ചാനലിന്റെ തലവന്‍ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. സ്വര്‍ണം പിടിച്ചതായി വാര്‍ത്ത വന്നുതുടങ്ങിയ സമയത്ത്, തന്നെ ഇങ്ങോട്ട് വിളിച്ച ജനം ടിവി കോ–ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഇതിനു നിര്‍ദ്ദേശിച്ചതെന്നും സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മൊഴി ഇങ്ങനെ: ”സ്വര്‍ണം പിടികൂടിയതായി ചാനലുകളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയപ്പോള്‍ അനില്‍ എന്നെ ഫോണില്‍ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ്മെന്റ് നല്‍കിയാല്‍ മതിയെന്ന് ഇയാള്‍ എന്നോടു പറഞ്ഞു. സ്റ്റേറ്റ്മെന്റിന്റെ കാര്യം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകനോടുതന്നെ അതു തയ്യാറാക്കാന്‍ പറയാനായിരുന്നു നിര്‍ദേശം. ഇത് അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാല്‍ പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ അനിലിനെ വിളിക്കാന്‍ പറ്റിയില്ല.
രണ്ട് വര്‍ഷം മുമ്പ് സരിത്ത് വഴിയാണ് അനില്‍ എന്നെ പരിചയപ്പെട്ടത്. വഞ്ചനാ കേസില്‍പ്പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇദ്ദേഹം, വിലക്ക് നീക്കിക്കിട്ടാന്‍ വേണ്ടിയാണ് സരിത്തിനെ സമീപിച്ചത്. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയശേഷം യുഎഇ യാത്ര നടത്തി. 2018ല്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലാണ് അനിലിനെ ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം തിരുവനന്തപുരത്തെ ഒരു ടൈല്‍സ് ഷോറൂമിന്റെ ഉദ്ഘാടകനായി കോണ്‍സുലര്‍ ജനറലിനെ പങ്കെടുപ്പിച്ചിട്ടുമുണ്ട്”. മൂന്ന് പേജിലാണ് അനിലിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്.
സ്വപ്നയെ വിളിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനില്‍ നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോള്‍ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാര്‍ത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്റെ ന്യായീകരണം. എന്നാല്‍ സ്വര്‍ണം പിടിച്ച ദിവസം അത്തരമൊരു വാര്‍ത്ത ജനം ടിവിയില്‍ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് സ്വപ്നയുടെ ആ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാകുന്നതും ഒളിവില്‍ പോകുന്നതും.
സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ചെയ്ത ദിവസം പ്രതി സ്വപ്ന സുരേഷിനെ ജനം ടി.വി എഡിറ്റര്‍ വിളിച്ചത് വിദേശ സഹമന്ത്രി വി മുരളീധരന്റെ വക്കാലത്തുമായാണെന്ന സംശയം ബലപ്പെടുന്നു. പിടിച്ചത് നയതന്ത്ര ബാഗേജ് അല്ലെന്ന് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് പറയിച്ചാല്‍ പ്രശ്നം തീരുമെന്ന് എഡിറ്റര്‍ ഉപദേശിച്ചതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കേസിന്റെ തുടക്കംമുതല്‍ നയതന്ത്ര ബാഗേജ് അല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രമന്ത്രിയും ശ്രമിച്ചത്.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ഇയാളെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാതിരിക്കാനുള്ള ശ്രമവും അണിയറയില്‍ തുടങ്ങി. 2018ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍വച്ച് എഡിറ്റര്‍ കണ്ടകാര്യവും സ്വപ്നയുടെ മൊഴിയിലുണ്ട്. യുഎഇ ഭരണാധികാരികളുമായി ബിജെപിക്ക് അടുപ്പം സ്ഥാപിക്കാന്‍ എഡിറ്റര്‍ മധ്യസ്ഥനായതാണെന്നാണ് വിവരം.
എന്‍ഐഎയെ വരെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രി രംഗത്തെത്തിയത് ബിജെപിക്കുള്ളില്‍ വിവാദമായിട്ടുണ്ട്. അറ്റാഷെ രാജ്യംവിടുന്നതിനു മുമ്പ് മൊഴിയെടുക്കാന്‍ പോലും അവസരമൊരുക്കാത്തതും മുഖ്യപ്രതി ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാന്‍ താല്‍പ്പര്യം കാട്ടാത്തതും ദുരൂഹമാണ്. മുരളീധര പക്ഷത്തെ മറ്റൊരു പ്രമുഖ നേതാവിലേക്കും അന്വേഷണം നീളുകയാണെന്നാണ് സൂചന. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നിര്‍ണായക ഘട്ടത്തില്‍ മാറ്റിയതും ഈ പേടിയിലാണ്.