തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യല്‍. കരമന സ്വദേശി അഡ്വ. ദിവ്യയെ ആണ് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. സ്വപ്‌നയും സരിത്തുമായി ദിവ്യ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതിന്റെയും മറ്റ് സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് ദിവ്യയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ബാങ്ക് വിവരങ്ങളും ഹാജരാക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയ ശേഷം കേസുമായി ദിവ്യയ്ക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കികൊണ്ട് ഭര്‍ത്താവ് അഡ്വ. അനൂപ് ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റും അന്വേഷണ വിധേയമായി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.