കൊച്ചി : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്താൻ സാധ്യത. കസ്റ്റംസ് അറസ്റ്റ് ചെയ്ത ശിവശങ്കറിനെതിരേ യു.എ.പി.എ. ചുമത്താൻ എൻ.ഐ.എ. നിയമോപദേശം തേടി. കേസിൽ ഇ.ഡി.യും കസ്റ്റംസും കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റംസ് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുമെന്നും സൂചനയുണ്ട്.
യു.എ.പി.എ. നിയമം ഭേദഗതി ചെയ്ത ശേഷം കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സ്വർണക്കടത്തിൽ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരേ എൻ.ഐ.എ. യു.എ.പി.എ. ചുമത്തി കേസെടുത്തത്. കള്ളക്കടത്തു സ്വർണമോ അതിലൂടെ സമ്പാദിച്ച പണമോ ദേശവിരുദ്ധ ശക്തികൾക്കു കൈമാറിയിട്ടുണ്ടോയെന്ന അന്വേഷണമാണ് എൻ.ഐ.എ. നടത്തുന്നത്. കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളെപ്പറ്റി വിചാരണക്കോടതി പല ഘട്ടത്തിലും എൻ.ഐ.എ.യോടു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. യു.എ.പി.എ. ചുമത്താൻ മാത്രം ശക്തമായ തെളിവുകളുണ്ടോയെന്നായിരുന്നു കോടതി ആരാഞ്ഞത്.