തിരുവനന്തപുരം : വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടന്നെത്തിയപ്പോള്‍ തിരികെ പറന്നത് കോടികളുടെ മയക്കുമരുന്നും വിദേശ കറന്‍സികളും. രണ്ടുവര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവുംവലിയ കള്ളക്കടത്തിന്റെ ഇടനാഴിയായി തിരുവനന്തപുരം വിമാനത്താവളം മാറിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. രണ്ടുവര്‍ഷത്തിനിടെ കോടികളുടെ ഹാഷിഷും ഹെറോയിനും ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചത് എക്സൈസ് പിടികൂടിയിട്ടുണ്ട്.
കോടികളുടെ വിദേശ കറന്‍സികളും പിടികൂടിയിരുന്നു. എന്നാല്‍ ഒന്നിലും തുടരന്വേഷണം നടന്നില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് പഴയ സംഭവങ്ങള്‍ വെളിച്ചത്തുവരുന്നത്. സ്വര്‍ണം കടത്തുന്നതിന് സമാനമായി പിടികൂടിയതിന്റെ അഞ്ചിരട്ടിയിലധികം മയക്കുമരുന്നും വിദേശ കറന്‍സികളും വിമാനത്താവള ഉദ്യോഗസ്ഥരുടെ അറിവോടെ വിദേശത്തേക്ക് പറന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടത്തുന്നു.
മുന്തിയ ഇനം മയക്കുമരുന്ന് വിമാനത്താവളത്തിലൂടെ പരിശോധനകളില്ലാതെ കടത്തിവിടുന്നതിന് ഒരു കിലോക്ക് 50,000 മുതല്‍ 75,000 രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ ഈടാക്കിയിരുന്നത്. ഇതിന്റെ വിഹിതം വിമാനത്താവളത്തിലെ വിവിധ മേഖലകളില്‍ വീതംവെച്ച് നല്‍കും.