പത്തനംതിട്ട: ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഗ്രേഡിങ്ങില്‍ തെളിഞ്ഞത് ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ദയനീയമെന്ന്. 68ഓളം ഡി.സി.സി ഭാരവാഹികളില്‍ പ്രവര്‍ത്തനമികവുള്ളവര്‍ 11പേര്‍ മാത്രം. 10 ബ്ലോക്ക് കമ്മിറ്റികളില്‍ മെച്ചം മൂന്നെണ്ണം മാത്രം.
ഡി.സി.സി പ്രസിഡന്‍റും ഏതാനും പേരും മാത്രമാണ് പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നത്. മറ്റുള്ളവരെല്ലാം ചട്ടപ്പടി പ്രവര്‍ത്തനം മാത്രമാണ് നടത്തുന്നതെന്നും ചിലരുടെ പ്രവര്‍ത്തനം ദയനീയമാണെന്നും കണ്ടെത്തി. കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ജില്ലയില്‍ പാര്‍ട്ടി പിറകോട്ടുപോകുന്നതിന്റെ സൂചനയാണ് ഗ്രേഡിങ്ങില്‍ തെളിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രവര്‍ത്തനം കണക്കിലെടുത്ത് പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നേതാക്കളെ തരംതിരിക്കുകയായിരുന്നു.
ഡി.സി.സി ഭാരവാഹികളില്‍ പച്ച കാറ്റഗറിയില്‍ എത്തിയവരില്‍ പ്രസിഡന്‍റ് ബാബു ജോര്‍ജ്, അഡ്വ. എ. സുരേഷ്കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുസ്സലാം, റോബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ഭാരവാഹികളുടെയും പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ വേണ്ടിയാണ് കെ.പി.സി.സി മാസംതോറും റിവ്യൂ ആരംഭിച്ചത്.
ഡി.സി.സി ഭാരവാഹികളില്‍ മിക്കവരും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന് പങ്കെടുത്ത കെ.പി.സി.സി അംഗങ്ങള്‍ക്ക് ബോധ്യമായി. യോഗങ്ങള്‍ നടക്കുമ്ബോള്‍ പ്രസംഗിക്കാനും കസേരയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാനും മാത്രമേ മിക്കവരെയും കാണാറുള്ളൂ. സീറ്റ് കിട്ടിയില്ലെങ്കില്‍ ബഹളം കൂട്ടുന്നവര്‍പോലും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയൊക്കെ സംഘടന പ്രവര്‍ത്തനം മോശമെന്ന് റിവ്യൂവില്‍ തെളിഞ്ഞു.
കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഇറങ്ങാത്തവരുമുണ്ട്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും പല ബ്ലോക്ക് കമ്മിറ്റികളും പരാജയപ്പെട്ടു. മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍പോലും മിക്കവരും പങ്കെടുക്കാറില്ല.
ഡി.സി.സി ഭാരവാഹികളില്‍ 35പേര്‍ മഞ്ഞ കാറ്റഗറിയിലും 11 പേര്‍ ചുവപ്പ് കാറ്റഗറിയിലുമാണ്. 10 ബ്ലോക്ക് കമ്മിറ്റികളില്‍ കോന്നി, റാന്നി, എഴുമറ്റൂര്‍ കമ്മിറ്റികള്‍ മാത്രമാണ് മികച്ചുനില്‍ക്കുന്നത്. മൂന്നു ബ്ലോക്ക് പ്രസിഡന്‍റുമാര്‍ മാത്രമാണ് പച്ച കാറ്റഗറിയില്‍. ആറുപേര്‍ മഞ്ഞ കാറ്റഗറിയിലും ഒരാള്‍ ചുവപ്പ് കാറ്റഗറിയിലുമാണ്. തീരെ മോശം പ്രവര്‍ത്തനമാണ് തിരുവല്ല ബ്ലോക്കില്‍ നടക്കുന്നത്. ഈ രീതിയില്‍ പോയാല്‍ പാര്‍ട്ടി അവിടെ തരിപ്പണമാകുമെന്നും നേതാക്കള്‍ പറയുന്നു.
ജില്ലയില്‍ 79 മണ്ഡലം കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട നേതാക്കള്‍ മണ്ഡലം കമ്മിറ്റികളിലോ വാര്‍ഡ് കമ്മിറ്റികളിലോ പങ്കെടുക്കാറില്ല. പല വാര്‍ഡ് കമ്മിറ്റികളും പേരില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വാര്‍ഡ് കമ്മിറ്റികള്‍ ഉണ്ടെന്ന് അറിയുന്നത്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാത്ത ചില ഭാരവാഹികള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കച്ചകെട്ടിയിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിലയിരുത്തല്‍.
ഇനി എല്ലാ മാസവും റിവ്യൂ നടക്കും. പിന്നില്‍ പോയവരോട് തിരുത്താനും ചുമതലപ്പെട്ട കെ.പി.സി.സി സെക്രട്ടറിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയില്‍ പോകാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് താഴെതട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഭാരവാഹികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. 15നും 20നും ഇടയില്‍ മാര്‍ക്ക് വാങ്ങിയവരാണ് പച്ച കാറ്റഗറിയില്‍. 15നും അഞ്ചിനും ഇടക്ക് മഞ്ഞ. അഞ്ചിന് താഴെ ചുവപ്പ് എന്നിങ്ങനെയായിരുന്നു ഗ്രേഡിങ്.