യുഎസ് : ഗൂഗിൾ മാപ്പിൽ നൽകിയിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് പാലം തകർന്ന് യുവാവിന് ജീവൻ നഷ്ടപ്പെട്ടു. യുഎസിലെ നോർത്ത് കരോലിനയിൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് മരണപ്പെട്ട ആളുടെ കുടുംബം ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ മാസം ആണ് സംഭവം നടന്നത്. മെഡിക്കൽ ഉപകരണ വിൽപ്പനക്കാരനും യുഎസ് നേവിയിലെ വെറ്ററനുമായിരുന്ന ഫിലിപ്പ് പാക്‌സൺ എന്നയാൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. മകളുടെ ജന്മദിന പാർട്ടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. രണ്ട് മക്കളുടെ പിതാവ് കൂടിയാണ് മരണപ്പെട്ട ഫിലിപ്പ് പാക്‌സൺ. തന്റെ സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു ഫിലിപ്പും കുടുംബവും മകളുടെ പിറന്നാൾ പാർട്ടി തയ്യാറാക്കിയിരുന്നത്. പാർട്ടി കഴിഞ്ഞ് ഫിലിപ്പിന്റെ ഭാര്യയും മക്കളും നേരത്തെ വീട്ടിലേക്ക് പോയി.
അതേ സമയം ഫിലിപ്പ് സുഹൃത്തിന്റെ വീട് വൃത്തിയാക്കനും സഹായിക്കാനും നിന്നതോടെ ഏറെ വൈകിയാണ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് സ്വന്തം വീട്ടിലേക്ക് പോകാനായി ഫീലിപ്പ് ഗൂഗിൾ മാപ്പിന്റെ സഹായം ആശ്രയിക്കുകയായിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ചിരുന്ന വഴിയിൽ തർന്നിരിക്കുന്ന ഒരു പാലവും ഉണ്ടായിരുന്നു. ഈ പാലത്തിന് സമീപം തകർച്ചയെ സൂചിപ്പിക്കുന്ന സൈൻ ബോർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ഈ പാലത്തിലൂടെ ഇദ്ദേഹം വണ്ടി കയറ്റി. ഇവിടെ നിന്ന് ഏകദേശം 20 അടി താഴ്ചയിലേക്ക് ഈ പാലം തകർന്ന് വീഴുകയായിരുന്നു. പുഴയിൽ വീണ ഫീലിപ്പ് മുങ്ങി മരിച്ചു. ഇതിനെ തുടർന്നാണ് ഫിലിപ്പിന്റെ ഭാര്യ അലിസിയ പാക്‌സൺ നിയമനടപടിയുമായി ഗൂഗിളിനെതിരെ രംഗത്ത് വന്നത്. നിരവധി യാത്രക്കാരെ ഗൂഗിൾ മാപ്പ് ഈ പാലത്തിന് മുകളിൽ കയറ്റിയിട്ടുണ്ടെന്ന് അലിസിയ പറയുന്നു. 2020 മുതൽ തന്നെ ഈ പ്രദേശത്തെ ആളുകൾ പാലത്തിന്റെ അപകടാവസ്ഥ ഗൂഗിൾ മാപ്പിനെ അറിയിക്കാനായി സജ്ജസ്റ്റ് ആൻ എഡിറ്റ് എന്ന് ഓപ്ഷൻ ഉപയോഗിച്ചെന്നും ഇത് സ്ഥിരീകരിച്ച് ഗൂഗിളിൽ നിന്ന് ഇ മെയിൽ ലഭിച്ചിട്ടും മാപ്പിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. നിരവധി കാലമായി ഈ പാലം ഇതേ അവസ്ഥയിൽ ആണെന്നും പക്ഷേ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്ന ഉപഭോക്താക്കൾക്ക് ആപ്പ് യാതൊരുവിധ മുന്നറിയിപ്പ് നൽകുന്നില്ലെന്നും ഇവർ പറയുന്നു.