പതിവായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന് ഗൂഗിൾ. രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാത്ത ജിമെയിലുകൾ ഒഴിവാകും. ഈ വർഷം ഡിസംബർ മാസത്തോടെ ദശലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഇല്ലാതാക്കും. അടുത്തിടെയാണ് ഗൂഗിൾ ഈ വാർത്ത പുറത്ത് വിട്ടത്. അടുത്ത മാസം മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. സജീവമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ വലിയ രീതിയിൽ സൈബർ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ ഇല്ലാതെയാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. പുതിയ നടപടി ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും എന്നും ഗൂഗിൾ പറയുന്നു. ജിമെയിൽ അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിലും ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തും എന്നും കമ്പനി പറയുന്നു.
രണ്ട് വർഷത്തിലധികമായി ഉപയോഗിക്കാത്ത അക്കൗണ്ട് ഉള്ള ഉപയോക്താവിന് കമ്പനി അക്കൗണ്ട് ഡിഅക്ടിവേറ്റാക്കും എന്ന മുന്നറിയിപ്പ് പലതവണ നൽകും. നിങ്ങൾക്ക് ഈ മുന്നറിയിപ്പ് ലഭിച്ചാൽ അക്കൗണ്ട് വീണ്ടും നിലനിർത്തണമെങ്കിൽ അത് ലോഗിൻ ചെയ്ത് ഉപയോഗിക്കുക. അല്ലാത്തപക്ഷം അത് ഡി ആക്ടിവേറ്റാകും. അതേ സമയം വളരെക്കാലമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ സ്കാമർമാരും സൈബർ കുറ്റവാളികളും വലിയ രീതിയൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകൾ ഇത്തരം അക്കൗണ്ടുകൾ വഴി ഇവർ ആസുത്രണം ചെയ്യാറുണ്ട്. ഇത്തരം തട്ടിപ്പുകൾ പരമാവധി കുറയ്ക്കാനായി ഈ നടപടി ഉപകരിക്കും എന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്. കഴിവതും എല്ലാ ജിമെയിൽ അക്കൗണ്ടുകളും 2 ഘട്ട വേരിഫിക്കേഷൻ നടത്തി സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ ഓൺലൈൻകുറ്റവാളികളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിനെ ഒരു പരിധിവരെ സംരക്ഷിക്കാനാവും.