തിരുവനന്തപുരo: തിരുവനന്തപുരത്തെ വിദ്യാധിരാജ തീര്‍ഥപാദമണ്ഡപം തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വിദ്യാധിരാജ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. 1976-ല്‍ സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത സംഘടനയല്ല ഇപ്പോള്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം സ്ഥലം തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രി സഭ തീരുമാനമെടുത്തിരുന്നു. ട്രസ്റ്റിന്റെ വാദം കൂടി കേട്ടശേഷം നടപടിയെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ട്രസ്റ്റിന്റ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതോടെയാണ് ഭൂമിയേറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ നീങ്ങിയത്.
വിദ്യാധിരാജ ട്രസ്റ്റിന്റെ തീര്‍ഥപാദമണ്ഡപം സീല്‍ ചെയ്യാനെത്തിയ റവന്യു ഉദ്യോഗസ്ഥരെയും പോലീസിനെയും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത് നീക്കിയതിനു ശേഷമാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത് . അതേസമയം ചട്ടമ്പി സ്വാമിയുടെ സ്മാരകം നില്‍ക്കുന്ന സ്ഥലം മാത്രം ട്രസ്റ്റിന് വിട്ടുനല്‍കാമെന്നും ഉത്തരവിലുണ്ട്. പാത്രകുളം നികത്തിയത് നിയമവിരുദ്ധമാണെന്ന് മുമ്പ് പരാതികളുണ്ടായിരുന്നു. എന്നാല്‍ അതില്‍ തെറ്റില്ല എന്നാണ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.