ന്യൂഡല്‍ഹി : രാജ്യത്തെ ടൂറിസ്‌റ്റ് വാഹനങ്ങൾക്ക് അഖിലേന്ത്യ പെർമിറ്റ് അനുവദിച്ച് മാനദണ്ഡം പരിഷ്‌കരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നാഷണല്‍ പെര്‍മിറ്റ് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി ചെയ്‌ത് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ് 2020 എന്ന പേരില്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. രാജ്യത്ത് എവിടെയും സഞ്ചരിക്കാനുള്ള നാഷണൽ പെർമിറ്റ് ചരക്കു വാഹനങ്ങൾക്ക് നേരത്തെ നല്‍കിയിരുന്നു. ഇത് വിജയകരമായി നടപ്പാക്കിയതിന്‍റെ ചുവടുപിടിച്ചാണ് പുതിയ നീക്കം.
ഈ പുതിയ പദ്ധതി പ്രകാരം ഒരു ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍ക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് ഓതറൈസേഷൻ ആന്റ് പെര്‍മിറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. നിയമാനുസൃതം ആവശ്യമായ രേഖകളും ഫീസും നൽകുന്നവർക്ക് 30 ദിവസത്തുനുള്ളിൽ പെർമിറ്റ് നൽകും. മൂന്നുമാസമോ അതിന്റെ ഗുണിതങ്ങളോ ആയാണ് പെർമിറ്റ് അനുവദിക്കുക. മൂന്നുവർഷമാണ് ഒറ്റത്തവണ അനുവദിക്കുന്ന പരമാവധി കാലാവധി. ഓള്‍ ഇന്ത്യ ഓതറൈസേഷന്‍/പെര്‍മിറ്റ് വേഗം ലഭിക്കുന്നതിന് ഈ പദ്ധതി സഹായകമാകും. നിലവിലെ എല്ലാ പെര്‍മിറ്റുകള്‍ക്കും അവയുടെ കാലാവധി തീരുന്നതുവരെ പ്രാബല്യമുണ്ടാകും. സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വരുമാനം വര്‍ധിക്കുന്നതിനും ഈ നീക്കം സഹായകരമാകുമെന്നും പുതിയ വിജ്ഞാപനത്തില്‍ പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.