ഒ.പി ബ്ലോക്ക് ഉദ്ഘാടനം 26ന്
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി 26ന് വൈകിട്ട് നാലിന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
—
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍നിന്നും വിരമിച്ചവരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജനുവരി 27ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.
ഹ്രസ്വകാല ഡിപ്ലോമയ്ക്ക് ചേരാം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി ആറുമാസ കാലയളവുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
—
ടെന്‍ഡര്‍
ഓമല്ലൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് ലാപ് ടോപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഇ-മെയില്‍ : [email protected]
—
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാത്ത ഡിസിഎ/പിജിഡിസിഎ ഉളളവര്‍ക്കും അപേക്ഷിക്കാം. പ്രായം 2025 ജനുവരി ഒന്നിന് 18 നും 30നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫെബ്രുവരി മൂന്നിനകം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം. ഫോണ്‍ : 04682350316.
അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള മുഖേനയുളള സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി – തത്തുല്യമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 45 വയസ്. www.scolekerala.org വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനു ശേഷം രണ്ടുദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍മാര്‍ഗം എത്തിക്കണം. ഫോണ്‍ : 0471 2342950, 2342271, 2342369.
—
കര്‍ഷകര്‍ക്ക് സബ്സിഡി : അപേക്ഷ ക്ഷണിച്ചു
കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി നടത്തുന്ന മുതല്‍മുടക്കുകള്‍ കോര്‍ത്തിണക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. സബ്സിഡി ലഭിക്കുന്നതിന് അപേക്ഷാഫോം, അപേക്ഷകന്റെ ഫോട്ടോ, പാസ് ബുക്ക് പകര്‍പ്പ്, ഭൂനികുതി പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, കൃഷി ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കടയ്ക്കാട്-പന്തളം) കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍ : 04734 294949, 6235133077, 8593041723, 7510250619.
—
വായ്പാപദ്ധതികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന കളിമണ്‍പാത്രനിര്‍മാണ – വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ വിവിധ വായ്പാപദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണ/വിപണന പ്രവര്‍ത്തന മൂലധനവായ്പാ പദ്ധതി, വനിതാ സ്വയംസഹായ സംഘങ്ങളായ അയല്‍കൂട്ടം ഗ്രൂപ്പുകള്‍ക്കുളള വായ്പാ പദ്ധതി എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. വിവരങ്ങള്‍ക്ക് www.keralapottery.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.