തിരുവനന്തപുരം : തോന്നുമ്പോള്‍ കയറി ചെന്ന് തോന്നുമ്പോള്‍ ഇറങ്ങുന്ന പ്രവണതകള്‍ക്ക് തടയിടാൻ സർക്കാരിന്റെ പുതിയ വഴി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് മെഷീൻ ശമ്പള സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ രണ്ട് തട്ടിലാണ്. വളരെ മുമ്പ് തന്നെ ജീവനക്കാര്‍ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് എന്‍ജിഒ യൂണിയന്‍ പറഞ്ഞു.
നീക്കം പ്രായോഗികമല്ലെന്നും സ്വകാര്യ കമ്പനികളെ പോലെ സര്‍ക്കാര്‍ മാറരുതെന്നും എന്‍ജിഒ അസോസിയേഷന്‍ വിമര്‍ശിച്ചു. ജോലി സമയം കൃത്യമായി രേഖപ്പെടുത്തി അത് ശമ്പളത്തെയും അവധിയെയും ബാധിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേല്‍ പിടിമുറുക്കിയത്. ഇന്നലെയാണ് പഞ്ചിംഗിനെ ശമ്പള സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.